2017, ജൂൺ 13

പാഴ് പുസ്തകം

പകുതി വായിയ്ക്ക്കപ്പെട്ട്,

ഇടംവലം പാതികളായ് മുറിയ്ക്ക്കപ്പെട്ട്,

പിന്നെ മറക്കപ്പെട്ട

നിന്റെയലമാരയിലെ പാഴ് പുസ്തകങ്ങളിൽ

ഒന്നിനെപ്പോലെയിന്നും ഞാൻ.


മറിക്കപ്പെടാതൊട്ടിചേർന്ന പ്രണയ ഏടുകൾ,

ഒരു പങ്കുവയ്ക്ക്കലോളമായുസ്സുള്ള പരിഭവവാക്കുകൾ

(ഇന്നിഴുകിപ്പിണഞ്ഞു ദ്രവിച്ചവ),

ശേഷവായന കാത്തുകുഴഞ്ഞ അക്ഷരക്കൂട്ടങ്ങൾ,

മുഷിഞ്ഞുപഴകിയ വല്ലായ്മകളുടെ കലഹഗന്ധം.


ആക്രിയുടെ ഭാണ്ഡശേഖരങ്ങൾ കടന്ന്,

പിന്നെയുമുടച്ചരച്ച് പുതുക്കപ്പെട്ട്

പുറംചട്ട, ചായം മാറിയണിഞ്ഞ് നിന്നിലേയ്ക്ക്കുപോന്ന

പഴയ സഞ്ചാരങ്ങളുടെ ഓർമ്മത്തെളിവ്.


ഒറ്റയ്ക്ക്കിരിപ്പിന്റെ ചിതലുകൾ പിച്ചി-

പ്പറിച്ച് കഷണിക്കുന്ന നെഞ്ചറ,

എന്റെ മാത്രമായ വിണ്ടറ്റ ഒറ്റയാൾപ്പാത,

കനത്തുതൂങ്ങുന്ന കാൽ വെയ്പുകൾ.


ഇത്രനാളടുക്കിപ്പിടിച്ചെന്നിരുന്നിട്ടും

നൂലറ്റിന്ന് പിഴുതെറിയപ്പെട്ടവിടിവിടാകവെ,

ഒരുനാളൊരുവേള നീ ഓർത്തുതിരഞ്ഞെന്നാൽ

വായിച്ചു ചീന്തിയെറിഞ്ഞീടുവാൻ

അവസാനതാളിൽ  തീർത്തുപറഞ്ഞു കുറിച്ചിടാമിങ്ങനെ,

"ഈ വഴി ഞാനിനി വന്നെന്നിരിക്കില്ല".