2012, ജൂൺ 17

ബന്ധനസ്ഥ

നിങ്ങൾ എന്റെ വിലക്കുകൾ അഴിച്ചുമാറ്റി എന്നെ സ്വതന്ത്രയാക്കുക..
പുലരികളിൽ പക്ഷികളുടെ ചിലയ്ക്കലിനു കാതോർക്കാൻ
എന്റെ ജാലകവാതിലുകൾ എനിയ്ക്കു തുറന്നിട്ടുതരിക..
പകലിലെ ഒഴിവുനേരങ്ങളിൽ ഒരു പുസ്തകവുമെടുത്ത്‌
മരത്തണലുകൾ തേടിയലയുവാൻ എന്നെ വിടുക..
ഇടയ്ക്കൊക്കെ ഭ്രാന്തമാവുന്ന മനസ്സിൽനിന്നുവരുന്ന വാക്കുകൾ കുത്തിക്കുറിയ്ക്കാൻ
നിങ്ങൾ എനിയ്ക്കൊരു കടലാസും,പേനയും തരുക..
മദ്ധ്യാഹ്നങ്ങളിൽ ആർക്കുവേണ്ടിയെന്നറിയാത്ത 
എന്റെ കാത്തിരിപ്പു തുടരാൻ എന്നെ അനുവദിയ്ക്കുക..
അതിനൊടുവിൽ എന്റെ കണ്ണുനീർ എത്രയടർന്നുവീണാലും
അതിനു കാരണം അന്വേഷിക്കാതിരിക്കുക..
എന്റെ സായന്തനങ്ങളുടെ നിശ്ശബ്ദസൗന്ദര്യത്തെ
വാചാലതകൊണ്ടു നിങ്ങൾ കളങ്കപ്പെടുത്താതിരിക്കുക..
സന്ധ്യ രാത്രിയ്ക്ക്കുവഴിമാറുമ്പോൾ
ഈ കൽപ്പടവുകളിലിരുന്ന് അതാസ്വദിയ്ക്കാനെന്നെ തനിച്ചാക്കുക..
പിന്നീട്‌ എന്റെ ഏകാന്തതയുടെ ചിറകിലേറി
വിഹായസ്സിന്റെ അനന്തവിശാലതയിലേക്കു പറന്നുയരാൻ
നിങ്ങൾ എന്നെ പറഞ്ഞയയ്ക്കുക..
അതിനായ്‌ നിങ്ങളെന്റെ വിലക്കുകൾ അഴിച്ചുമാറ്റി എന്നെ സ്വതന്ത്രയാക്കുക..

3 അഭിപ്രായങ്ങൾ:

  1. ദേശാടന കിളികളെ പോലെ, യൌവനത്തിന്റെ ചിറകിലേറി പറന്നു, ഒടുവില്‍ ഒരു മരച്ചില്ലയില്‍ കൂടുകൂട്ടി നമ്മിലേക്ക്‌ ഒതുങ്ങാന്‍ ശ്രമിക്കുമ്പോഴാണ്, പണ്ട് നടത്തിയ യാത്രകള്‍ സമ്മാനിച്ച ബന്ധനങ്ങള്‍ നാം അറിയുന്നത്...! ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത ബന്ധനങ്ങള്‍, അഥവാ ബന്ധങ്ങള്‍...! എങ്കിലും, ആ ബന്ധനങ്ങളിലും സന്തോഷം കണ്ടെത്തുവാന്‍ നാം പഠിച്ചിരിക്കുന്നു...!
    ജീവിതയാത്രയിലെ വരാനിരിക്കുന്ന ബന്ധനങ്ങള്‍ നന്നായി വരച്ചുകാട്ടിയിരിക്കുന്നു...!

    മറുപടിഇല്ലാതാക്കൂ
  2. ഒരുപാടു നന്ദി..
    ഇവിടം സന്ദർശ്ശിച്ചതിനും,അഭിപ്രായത്തിനും..

    മറുപടിഇല്ലാതാക്കൂ
  3. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ