2012, ജൂൺ 27

അജ്ഞാതൻ

ആരാണുനീയെന്നറിയില്ലയെങ്കിലും
കാത്തിരിയ്ക്കുന്നു ഞാൻ ഏറെനാളായ്‌ നിന്നെ..
ഭ്രാന്തമാണെന്റെ കിനാവുകളെങ്കിലും
അതിലേതിലുമുണ്ടു നീയൊരജ്ഞാതനായ്‌..
ഞാൻ തനിച്ചാവുന്നയുച്ചനേരങ്ങളിൽ
നീയെരിയുന്നു മനസ്സിലൊരു കനലായ്‌..
പിന്നിരുൾ വീഴുമെൻ ഏകാന്തതകളിൽ
നിന്നോർമ്മയെത്തുന്നു ഏറെയാശ്വാസമായ്‌..
ഇന്നുമപരിചിതൻ നീയെനിയ്ക്കെങ്കിലും
എന്നിൽ പൂവിട്ട പ്രതീക്ഷകൾ നിനക്കായ്‌..
കനവിന്റെ നിറമുള്ള താഴ്‌വാരങ്ങളിലും
ഞാൻ തേടിയലയുന്നു നിന്നെ മാത്രം..

2012, ജൂൺ 17

ആധി

ഒടുവിൽ ഇന്നു മദ്ധ്യാഹ്നത്തിൽ
വീണ്ടും മഴ പെയ്തു..
ഉന്മാദത്തിന്റെ നാളുകളെ
ഓർമിപ്പിച്ചുകൊണ്ട്‌..
ഓരോ മിന്നൽപ്പിണരിനും ഒപ്പം
എന്റെ ഹൃദയത്തിലും ഒരാന്തലുണ്ടാക്കിക്കൊണ്ട്‌..

ഞാൻ വല്ലാതെ ഭയക്കുന്നു..
എന്നിലെ ആ പ്രണയിനിയായ കൗമാരക്കാരി
വീണ്ടും ഉണരുമോ എന്ന്..

ബന്ധനസ്ഥ

നിങ്ങൾ എന്റെ വിലക്കുകൾ അഴിച്ചുമാറ്റി എന്നെ സ്വതന്ത്രയാക്കുക..
പുലരികളിൽ പക്ഷികളുടെ ചിലയ്ക്കലിനു കാതോർക്കാൻ
എന്റെ ജാലകവാതിലുകൾ എനിയ്ക്കു തുറന്നിട്ടുതരിക..
പകലിലെ ഒഴിവുനേരങ്ങളിൽ ഒരു പുസ്തകവുമെടുത്ത്‌
മരത്തണലുകൾ തേടിയലയുവാൻ എന്നെ വിടുക..
ഇടയ്ക്കൊക്കെ ഭ്രാന്തമാവുന്ന മനസ്സിൽനിന്നുവരുന്ന വാക്കുകൾ കുത്തിക്കുറിയ്ക്കാൻ
നിങ്ങൾ എനിയ്ക്കൊരു കടലാസും,പേനയും തരുക..
മദ്ധ്യാഹ്നങ്ങളിൽ ആർക്കുവേണ്ടിയെന്നറിയാത്ത 
എന്റെ കാത്തിരിപ്പു തുടരാൻ എന്നെ അനുവദിയ്ക്കുക..
അതിനൊടുവിൽ എന്റെ കണ്ണുനീർ എത്രയടർന്നുവീണാലും
അതിനു കാരണം അന്വേഷിക്കാതിരിക്കുക..
എന്റെ സായന്തനങ്ങളുടെ നിശ്ശബ്ദസൗന്ദര്യത്തെ
വാചാലതകൊണ്ടു നിങ്ങൾ കളങ്കപ്പെടുത്താതിരിക്കുക..
സന്ധ്യ രാത്രിയ്ക്ക്കുവഴിമാറുമ്പോൾ
ഈ കൽപ്പടവുകളിലിരുന്ന് അതാസ്വദിയ്ക്കാനെന്നെ തനിച്ചാക്കുക..
പിന്നീട്‌ എന്റെ ഏകാന്തതയുടെ ചിറകിലേറി
വിഹായസ്സിന്റെ അനന്തവിശാലതയിലേക്കു പറന്നുയരാൻ
നിങ്ങൾ എന്നെ പറഞ്ഞയയ്ക്കുക..
അതിനായ്‌ നിങ്ങളെന്റെ വിലക്കുകൾ അഴിച്ചുമാറ്റി എന്നെ സ്വതന്ത്രയാക്കുക..

2012, ജൂൺ 12

അന്നു പെയ്ത മഴ

പോയ ഇടവപ്പാതിയിലെ ആദ്യത്തെ മഴ..

മഴയുടെ നാദമന്നാദ്യമായ്‌ 
ശോകാർദ്ദ്രമായ്‌ തോന്നി..
ജാലകവെളിയിൽ ഇറ്റിറ്റുവീണു 
മഴത്തുള്ളികൾ സാന്ദ്രമായ്‌..
കണ്ണുകൾ ഈറനായ്‌
എന്തിനെന്നില്ലതെ..
ഹൃത്തിൽ വിതുമ്പുന്ന
വികാരങ്ങളുണർന്നു..
പ്രണയശൂന്യമെൻ മനസ്സിലന്നേതൊ
മൃദുമധുകണങ്ങളുതിർന്നുവീണൂ..
സ്മൃതിയുടെ ചില്ലയിലെ ആ സന്ധ്യയിൽ
എന്നുള്ളിൽ നിറഞ്ഞു സംഗീതവും..

ആ മഴയെയോർക്കുമ്പോൾ
അറിയുന്നു ഞാൻ;
എന്റെ സഹയാത്രികനാം കൂട്ടുകാരാ,
അന്നോളം ഞാൻ നിന്നെ
പ്രണയിച്ചിരുന്നില്ല..

2012, മേയ് 10

തിരിച്ചറിവ്‌

ഒരിയ്ക്കൽ വവ്വാലുകളെക്കുറിച്ചു ഞാനെഴുതി;

അവർ രാത്രിയുടെ കൂട്ടുകാർ..
ഇരുട്ടിന്റെ ആഴങ്ങൾ തേടിയലയുമ്പോൾ
ഇവിടെ ഞാൻ തനിയെ എന്നിലേയ്ക്കൊതുങ്ങുന്നു..

എന്നാൽ, എന്റെ കൂടുമാറ്റം
എനിയ്ക്കു മനസ്സിലാക്കിത്തന്നു..

ഒരിയ്ക്കലും ഉറങ്ങാത്ത ഈ നഗരത്തിൽ
മനുഷ്യരും വവ്വാലുകളാണെന്ന്..
ഞാനുൾപ്പെടെ..