2015 ഓഗസ്റ്റ് 7

ഇനി വേണ്ട

എന്നിലെയലകൾ കുതറിയിരമ്പിയിനി
നിന്നിൽ വന്നു തളർന്നടങ്ങേണ്ട.
എന്നിൽ വിരിഞ്ഞ വിഷാദത്തിൻ പൂവുകൾ
നിന്നുള്ളിൽ പൊഴിഞ്ഞടിയേണ്ട.
എന്നിൽ നിറഞ്ഞൊരിരുണ്ട ചായം
വാക്കുകളായ് നിന്നിൽ പടരേണ്ട.
എന്നിലെക്കത്തുന്ന ഭ്രാന്തിൻറെയഗ്നിയിൽ
ഒരുനോക്കിലൂടെയും നീയെരിയേണ്ട.
എന്നിലെ വേവുന്ന നെഞ്ചിൻറെ പ്രണയം
ഒരുനാളും നിന്നെ നീറ്റേണ്ട.
മിഴിനീർകലർന്നൊരെൻ ചുംബനങ്ങൾ
ഇനിമേൽ നിന്നെ ഞെരുക്കേണ്ട.
കോർത്ത കൈകളഴിക്കട്ടെ, നമുക്കിനി
വെവ്വേറെയല്ലാതെ  നടക്കേണ്ട.

2015 ഏപ്രിൽ 19

ഒളിച്ചോട്ടം

പ്രണയത്തിനായി ഞങ്ങൾ ഒളിച്ചോടി..
എന്നാൽ നിബന്ധനകളും,പറഞ്ഞു ബോധിപ്പിക്കലുകളും
ചുറ്റിനും വേലിക്കെട്ടുകൾ പണിയാൻ തുടങ്ങിയപ്പോൾ
പ്രണയം ഞങ്ങളിൽ നിന്നും ഒളിച്ചോടി..

2015 മാർച്ച് 28

പുനർ വിചിന്തനം

ദൂരമൊരുപാടേറെ പിന്നിട്ടെങ്കിലുമിന്നും,
ഇവിടുത്തെ വേനൽച്ചൂടിൻ വേവലിൽ
നേരിയൊരാശ്വാസമാകാൻ
നിൻ ഓർമകൾ തൻ
തഴുകലിനാവുന്നെന്നിരിക്കെ,
എന്തിനു ഞാൻ നിന്നെ "നഷ്ടപ്രണയം"
എന്നു വിളിക്കണം?